മ്യൂസിയം & മൃഗശാല തിരുവനന്തപുരം

1857 സെപ്റ്റംബറില്‍ കാഴ്ചബംഗ്ലാവ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തെങ്കിലും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ 1859 ല്‍ ഒരു മൃഗശാലയും സാര്‍വ്വജനീയമായ ഒരു ആരാമവും സ്ഥാപിച്ചു. മദ്രാസ് ഗവര്‍ണ്ണറുടെ വാസ്തുശില്പിയായ റോബര്‍ട്ട് ചൈഷോം, തിരുവനന്തപുരം കാഴ്ചബംഗ്ലാവിനായി. വാസ്തുവിദ്യാ സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ഒരു കെട്ടിടം രൂപകല്‍പ്പന ചെയ്തു. കാഴ്ചബംഗ്ലാവു ഈ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 

മദ്രാസ് പ്രവിശ്യയുടെ തലവനായ നേപ്പിയര്‍ പ്രഭുവിന്‍റെ പേര് ഈ കെട്ടിടത്തിനു ആദരസൂചകമായി നല്‍കുകയും ചെയ്തു. 1935 ല്‍ ശ്രീ ചിത്ര ആര്‍ട്ട്ഗ്യാലറിയും 1964 ല്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും 1979 ല്‍ കെ സി എസ് പണിക്കര്‍ ആര്‍ട്ട് ഗ്യാലറിയും തുടങ്ങി. ജനങ്ങളുടെ മനോരഞ്ജനത്തിനു വേണ്ടിയാണ് ഇവ ആരംഭിച്ചതെങ്കിലും ക്രമേണ പ്രകൃതിയോടും പരിസ്ഥിതിയോടും നമ്മുടെ ഉദാസീന മനോഭാവം, നിസ്സാരവല്‍ക്കരിക്കല്‍ എന്നിവ നിമിത്തം അവയുടെ സംരക്ഷണവും പരിപാലനവും മുദ്രാവാക്യങ്ങളായി ഭവിച്ചു. തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്ത് 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സമ്പൂര്‍ണ്ണ സസ്യോദ്യാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല കാഴ്ചബംഗ്ലാവു സമുച്ചയം ഈ ഉദ്യമങ്ങള്‍ക്കു എന്നെന്നും നേതൃത്വം നല്‍കിവരുന്നു. ശതഗണത്തില്‍പ്പെട്ട ജന്തുക്കളും അതിലധികം സസ്യവര്‍ഗങ്ങളും ഇവിടെയുണ്ട്.
തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് 1857 ല്‍ കാഴ്ചബംഗ്ലാവ് സ്ഥാപിച്ചത്. ഭാരതത്തില്‍ ഏറ്റവും പഴക്കമേറിയ കാഴ്ചബംഗ്ലാവുകളില്‍ ഒന്നാണിത്. പ്രദര്‍ശന വസ്തുക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍, സ്ഥലപരിമിതി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആ കെട്ടിടം പൊളിച്ചു മാറ്റുകയും പൂര്‍ത്തീകരിച്ച പുതിയ കെട്ടിടം ആയില്യം തിരുനാള്‍ മഹാരാജാവ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. മദ്രാസ് സര്‍ക്കാരിന്‍റെ വാസ്തുശില്പി വിദഗ്ധനായ റോബര്‍ട്ട് ചൈഷോം ആണ് മനോഹരമായ ഈ സൗധം പടുത്തുയര്‍ത്തിയത്. കഴിഞ്ഞ 135 വര്‍ഷങ്ങളായി ഈ പ്രധാന ചരിത്രസ്മാരകം ഗോഥിക് കലാവസ്തു ശില്പചാരുതയില്‍ നഗരത്തിന്‍റെ വിശിഷ്ടമായ അലങ്കരണമായി നിലകൊള്ളുന്നു.
ഇവിടെ 550 പ്രദര്‍ശന വസ്തുക്കളുണ്ട്. പുരാതന കലാസാംസ്കാരിക മൂല്യങ്ങളുള്ളവയില്‍ വെള്ളോടിലും കല്ലിലും തീര്‍ത്ത ശില്പങ്ങള്‍, തടിയിലും ദന്തത്തിലുമുള്ള ശില്പവേലകള്‍, വിളക്കുകള്‍, തുണിത്തരങ്ങള്‍, കഥകളി രൂപങ്ങള്‍, കരകൗശല വസ്തുക്കള്‍, കോഫ്തഗരി അലങ്കാരപ്പണികള്‍ പരമ്പരാഗതമായ വാദ്യോപകരണങ്ങള്‍, ദക്ഷിണേന്ത്യയിലുള്ള ചേര ചോള പാണ്ഡ്യ കാലഘട്ടത്തിലെ നാണയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ശില്പശാസ്ത്രത്തെ അധികരിച്ചുകൊണ്ടു തീര്‍ത്ത ശിവന്‍, പാര്‍വ്വതി, വിഷ്ണു, ലക്ഷ്മി എന്നീ വെങ്കല പ്രതിമകളുടെ സൗന്ദര്യം അമ്പരിപ്പിക്കുന്നതാണ്. എട്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലയളവില്‍ മധ്യ തിരുവിതാംകൂറില്‍ നിന്നും ലഭിച്ച വിഷ്ണുവിന്‍റെ വെങ്കല പ്രതിമയാണ് സംസ്ഥാനത്തുള്ള അതിപുരാതനമായ ശില്പം. പല്ലവ ശൈലി പ്രതിഫലിച്ചു കാണുന്ന ഈ ശില്പമാണ് ശേഖരത്തില്‍ ഏറ്റവും പഴക്കമുള്ളത്. ഒന്നാം ശതകം മുതല്‍ പതിനെട്ടാം ശതകം വരെയുള്ള കാലഘട്ടങ്ങളിലെ രൂപങ്ങളില്‍ ശക്തമായ ദ്രാവിഡ സ്വാധീനം പ്രകടമാണ്. ഗാന്ധാര ശില്‍പ്പങ്ങള്‍, അഗസ്ത്യന്‍- വിഷ്ണു ശില്പ്പങ്ങള്‍ എന്നിവ ഈ ഗണത്തില്‍പ്പെടും. പ്രദര്‍ശന ശില്പ്പങ്ങളില്‍ ശിവ-ശക്തി പ്രതിമ അനന്യമാണ്. ഓരോ ശില്‍പ്പത്തെയും ചുറ്റിപ്പറ്റി അനേകം കഥകളുണ്ട്. ഇവക്കെല്ലാം പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷിയായ വേലുത്തമ്പി ദളവ ഉപയോഗിച്ചിരുന്ന വാളും പ്രദര്‍ശനത്തില്‍പ്പെടും.