1859 ല്‍ അലൻ ജെ ബ്രൗണ്‍ (1831-1903)ന്‍റെ ഉദ്യമത്തിലും പരിശ്രമത്തിലുമാണ് സസ്യോദ്യാനം ആരംഭിച്ചത്. തുടക്കത്തില്‍ ധാരാളം ചെടികളും സസ്യങ്ങളും നട്ടു പിടിപ്പിച്ചിരുന്നു. ലണ്ടനിലെ പ്രശസ്തമായ ക്യൂ ഉദ്യാനത്തില്‍ നിന്നും വിദഗ്ധ പരിശീലനം സിദ്ധിച്ച മിസ്റ്റര്‍ ഇന്‍ഗ്ലിബി 1891 ല്‍ തിരുവനന്തപുരം സസ്യോദ്യാനത്തിന്‍റെ മേധാവിയായി നിയമിതനായി. ആറു വര്‍ഷക്കാലം കൊണ്ട് ഉദ്യാനസേവനം ക്രമാനുഗതമാക്കിയതിനെ തുടര്‍ന്ന് സുസ്ഥിരമായ പുരോഗതി കൈവരിച്ചു. സസ്യോദ്യാനത്തിന്‍റെ കരടുരൂപം തയ്യാറാക്കി.
50 ഏക്കര്‍ വിസ്തൃതിയിലെ കുന്നുകളും താഴ് വരകളും അതുപോലെ നിലനിര്‍ത്തിക്കൊണ്ടു പച്ചപ്പുല്ത്തകിടികള്‍ക്കും തടാകത്തിനും വള്ളിക്കുടിലുകള്‍ക്കും പൂത്തടങ്ങള്‍ക്കും സംരക്ഷണാലയങ്ങള്‍ക്കും മധ്യേ കാഴ്ചബംഗ്ളാവിലെ മൃഗങ്ങളുടെ പാര്‍പ്പിടങ്ങളും കൂടുകളും ഒരുക്കിയിരിക്കുന്നു. തടാകത്തിന്‍റെ നിരപ്പില്‍ തുടങ്ങി വിശാലമായ പലപല തട്ടുകളായി വേര്‍തിരിച്ച മേല്‍ത്തളങ്ങള്‍ ക്രമേണ അതി വിസ്തീര്‍ണമായ ഉന്നത വിതാനത്തിലെത്തി നില്‍ക്കുന്നിടം നയനസുഭഗമായ ശിഖരോദ്യാനത്താല്‍ അലംകൃതമാണ്.